News

Get the latest news here

വാര്‍ത്താ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം, മകള്‍ അച്ഛനൊപ്പം നിന്നു; കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ബെംഗളൂരു: മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ബെംഗളൂരു മല്ലത്തഹള്ളിയിൽ താമസിക്കുന്ന സുധ(26)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൾ അച്ഛനൊപ്പം നിന്നതിന്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭർത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകൾ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ടിവി കാണാനെത്തിയപ്പോൾ മകൾ ടിവി കണ്ടിരിക്കുകയായിരുന്നു. തുടർന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും വാർത്താ ചാനൽ കാണുകയും ചെയ്തു. സുധ ഇതിനെ എതിർത്തു. എപ്പോഴും വാർത്താചാനൽ കാണുന്ന ഭർത്താവിനെ ഇവർ വഴക്കുപറഞ്ഞു. എന്നാൽ മൂന്ന് വയസ്സുകാരിയായ മകൾ വിനുത അച്ഛനെ അനുകൂലിച്ചാണ് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതാണ് സുധയെ പ്രകോപിപ്പിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാവിലെ ആറ് മണിക്ക് തന്നെ ജോലിക്ക് പോകുന്നതിനാൽ ഈരണ്ണ ഇതൊന്നുമറിഞ്ഞില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധ ബുധനാഴ്ച പോലീസിൽ പരാതി നൽകി. കടയിലേക്ക് ഒപ്പംകൂട്ടിയ മകളെ ബില്ലടക്കുന്നതിന്റെ തിരക്കിനിടെ കാണാതായെന്നായിരുന്നു ഇവരുടെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടർന്നാണ് സുധയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയിൽ സംശയം തോന്നിയത്. ഇതോടെ യുവതിയെ വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നീട് ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.

ടിവി കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പുറമേ മറ്റുചില കാര്യങ്ങളിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകൾ അച്ഛനോട് പറയുന്നതിൽ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights:bengaluru woman killed three year old daughter after clash with husband over tv news channel
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.