News

Get the latest news here

ജലീല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് എ വിജയരാഘവന്‍; സിപിഎം അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി ഇന്ന് ചേർന്ന സിപിഎം അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തു. മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയുടെ ഗൗരവം ഉൾക്കൊള്ളുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ യോഗത്തിന് ശേഷം പ്രതികരിച്ചു.

ജലീൽ ഉടൻ രാജിവെക്കേണ്ട സാഹചര്യമില്ല. വിഷയത്തിന്റെ നിയമപരമായ വശങ്ങൾ പരിശോധിക്കും. പാർട്ടിയുടെ ഭാഗത്തുനിന്നും പരിശോധനയുണ്ടാവും. ഇതിന് ശേഷമാവും അന്തിമതീരുമാനമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, ആനത്തലവട്ടം ആനന്ദൻ, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സിപിഎം അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ആരോപണം പൂർണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീൽ ഇപ്പോൾ രാജിവെക്കേണ്ടതില്ലെന്നാണ് നിയമമന്ത്രി എ.കെ.ബാലനുംപ്രതികരിച്ചത്. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലൻ പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.