News

Get the latest news here

കൈയക്ഷരം നന്നാവാഞ്ഞാല്‍ പേനയെ കുറ്റം പറയരുത്; ചെന്നിത്തല മാറരുത്-പി.വി.ഗംഗാധരന്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറേണ്ടതില്ലെന്ന് എഐസിസി അംഗം പി.വി.ഗംഗാധരൻ. പ്രതിപക്ഷ നേതാവ് എന്നനിലയിൽ ചെന്നിത്തലയുടെ പ്രവർത്തനം വളരെ മികച്ചതായിരുന്നു. കൈയക്ഷരം നന്നാവാഞ്ഞാൽ പേനയെ കുറ്റം പറയുകയല്ല വേണ്ടതെന്നും പി.വി ഗംഗാധരൻ പറഞ്ഞു.

പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കേരളത്തിൽ യുഡിഎഫിനുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിക്കല്ല. പാർട്ടി സംവിധാനത്തിന് മുഴുവനുമാണ്. പലയിടത്തും നേരിയ ഭൂരിപക്ഷത്തിനാണ് തോൽവിയുണ്ടായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പമ്പയിലെ മണൽക്കടത്തടക്കം അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. പലതിലും സർക്കാരിന് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. ചെന്നിത്തലയെ സ്ഥാനത്ത് നിന്ന് മാറ്റരുത് ഗംഗാധരൻ പറഞ്ഞു.

തമ്മിൽ തല്ലിയും ഗ്രൂപ്പ് കളിച്ചും പാർട്ടിയെ ഇല്ലാതാക്കുന്നവരെ തിരിച്ചറിഞ്ഞ് തിരുത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രം മതി. കോൺഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.