News

Get the latest news here

ഐസ്ക്രീം ബോംബ് പൊട്ടി സഹോദരങ്ങളായ പിഞ്ചുകുട്ടികൾക്ക്‌ പരിക്ക്‌

ഇരിട്ടി: പറമ്പിൽ കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോംബ്, ബോളാണെന്ന് കരുതി വീടിനകത്ത് കൊണ്ടുപോയി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ പിഞ്ചുകുട്ടികൾക്ക് പരിക്ക്. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെയും കബീറിന്റെയും മക്കളായ അമീൻ (5), റബീൽ (2) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അമീനിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും റബീലിനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും പവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീടിന് സമീപമുള്ള ആളൊഴിഞ്ഞപറമ്പിൽ അമീനും സുഹൃത്തുക്കളായ നാലുപേരും കളിക്കുന്നതിനിടെയാണ് ഐസ്ക്രീം ബോംബ് കിട്ടിയത്. ബോളാണെന്ന് കരുതി കുട്ടികളെല്ലാവരും കൂടി അമീനിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അമീൻ വീടിനുള്ളിൽ സെൻട്രൽ ഹാളിൽ ഇത് തട്ടിക്കളിച്ചു. മറ്റ് കുട്ടികൾ ഈ സമയം വീടിന് വെളിയിലായിരുന്നു. തട്ടിക്കളിക്കുന്നതിനിടയിൽ കൈയിൽനിന്ന് വീണയുടനെ ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ഈ സമയം അമീനിന്റെ ഉമ്മ റുഖിയ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. ഉമ്മയ്ക്കൊപ്പം അടുക്കളയിലായിരുന്ന റബീൽ സഹോദരനൊപ്പം കളിക്കാൻ എത്തുന്നതിനിടയിലാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനൽപാളികൾ പൊട്ടിത്തെറിച്ചു. അമീനിന് നെഞ്ചിലും കാലിലുമാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ റബീൽ കുറച്ചകലെയായിരുന്നതിനാൽ ബോംബിന്റെ ചീളുകൾ തെറിച്ചാണ് പരിക്ക്. വീടിനുള്ളിൽനിന്ന് ഉഗ്രശബ്ദം കേൾക്കുകയും പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ സമീപവാസികളാണ് സഹോദരങ്ങളെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചത്. അമീനിന് മുറിവേൽക്കുകയും കൈകാലുകളിൽ ബോംബിന്റെ അവശിഷ്ടങ്ങൾ തുളച്ചുകയറുകയും ചെയ്തതിനാൽ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

പേരാവൂർ ഡിവൈ.എസ്.പി. ടി.പി. ജേക്കബ്, മുഴക്കുന്ന് സി.ഐ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.