News

Get the latest news here

രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു

കുണ്ടറ(കൊല്ലം): കേരളപുരത്ത് കുടുംബത്തിലെ മൂന്ന് അംഗങ്ങൾ വിഷം ഉള്ളിൽച്ചെന്ന് മരിച്ചസംഭവത്തിൽ ഗൃഹനാഥൻ എഡ്വേർഡിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കും. ഭാര്യ വർഷയെയും രണ്ടു വയസും മൂന്നു മാസവും പ്രായമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. മൂന്നു പേരുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്.

വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെത്തി. വിഷക്കുപ്പി കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നുവർഷങ്ങളായി വർഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പോലീസ് പറയുന്നു.

മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷ എഡ്വേർഡിനൊപ്പം പോകാതെ മുഖത്തലയിലെ വർഷയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. ദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് മൂത്തകുട്ടികളെ കേരളപുരത്തെ വാടവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വർഷയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. പിന്നീട് കേരളപുരത്തെ വീട്ടിലെത്തിയശേഷം ഇരുവരും വീണ്ടും വഴക്കിടുകയും കുഞ്ഞുമായി വർഷ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി എഡ്വേർഡിനെതിരേ പരാതി നൽകുകയും ചെയ്തു.

പോലീസ് എഡ്വേർഡിനെ വിളിച്ചുവെങ്കിലും കോവിഡ് രോഗിയാണെന്നും വരാനാവില്ലെന്നും എഡ്വേർഡ് അറിയിച്ചു.
പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നൽകിയതോടെ പോലീസ് വർഷയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കേരളപുരത്തേക്ക് തിരിച്ചയച്ചു. ഉച്ചയ്ക്കു ശേഷം ഇരുവരും വീണ്ടും വഴക്കു തുടങ്ങി. വർഷ കൈയിൽ കിട്ടിയ വടിയുമായി എഡ്വേർഡിനെ അടിക്കാനെത്തി. ഇത് പിടിച്ചുവാങ്ങി എഡ്വേർഡ് വർഷയെ അടിച്ചു. അടികൊണ്ട് വർഷ ബോധരഹിതയായി. തുടർന്ന് മൂന്നു പേർക്കും വിഷം കുത്തിവയ്ക്കുകയായിരുന്നു.

വഴക്കു നടക്കുമ്പോൾ മൂത്ത കുട്ടി വീടിനുപുറത്തേക്കു പോയി. എഡ്വേർഡ് ശീതളപാനീയത്തിൽ വിഷം ചേർത്ത് മൂത്ത കുട്ടിക്കു കൊടുത്തു. സ്വയം കുടിക്കുകയും ചെയ്തു. മൂത്ത മകൾ വിഷം കലർന്ന ശീതളപാനീയം കുടിക്കാതെ പുറത്തു കളഞ്ഞു. രണ്ടു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികൾ തന്റെതല്ലെന്ന വിശ്വാസമായിരുന്നു എഡ്വേർഡിന്. മൂത്ത കുട്ടിക്ക് എഡ്വേർഡ് വിഷം നൽകിയില്ലെന്നും സംശയമുണ്ട്. വിദേശത്തുള്ള തന്റെ ജേഷ്ഠന് ഫോൺ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേർഡ് ആവശ്യപ്പെട്ടതായും പറയുന്നു.

മൃതദേഹപരിശോധനയ്ക്കുശേഷം മൂവരുടെയും ശവസംസ്കാരം വ്യാഴാഴ്ച കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തും.

Content Highlights:husband killed wife and two kids in kundara kollam


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.