News

Get the latest news here

തമാര സിദാന്‍സെക് വീണു; പവ്‌ലുചെങ്കോവയ്ക്ക് ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍

പാരിസ്: റഷ്യൻ താരവും 31-ാം സീഡുമായ അനസ്താസിയ പവ്ലുചെങ്കോവ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ. റഷ്യൻ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. സ്ലൊവേനിയൻ താരം തമാര സിദാൻസെകിനെ രണ്ടു സെറ്റിനുള്ളിൽ കീഴടക്കിയാണ് പവ്ലുചെങ്കോവയുടെ മുന്നേറ്റം. സ്കോർ: 7-5,6-3. ലോകറാങ്കിങ്ങിൽ 85-ാം റാങ്കുകാരിയായ സിദാൻസെക് മികച്ച മത്സരം പുറത്തെടുത്തു. മത്സരം ഒരു മണിക്കൂറും 34 മിനിറ്റും നീണ്ടു നിന്നു. ഗ്രാൻസ്ലാം വനിതാ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ സ്ലൊവിനേയൻ താരം എന്ന റെക്കോഡുമായാണ് താരം റോളണ്ട് ഗാരോസിൽ നിന്ന് മടങ്ങുന്നത്. 2007-ൽ തന്റെ 15-ാം വയസ്സിൽ വിംബിൾഡണ്ണിലൂടെയാണ് പവ്ലുചെങ്കോവ ഗ്രാൻസ്ലാമിൽ അരങ്ങേറിയത്. അതിനുശേഷം തന്റെ 52-ാം മത്സരത്തിലാണ് താരം ഒരു ഗ്രാൻസ്ലാമിന്റെ ഫൈനലിലെത്തുന്നത്. ഇതോടെ അമ്പതിലധികം ഗ്രാൻസ്ലാം മത്സരങ്ങൾക്കുശേഷം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരം എന്ന റെക്കോഡും പവ്ലുചെങ്കോവ സ്വന്തമാക്കി. 2015 യു.എസ് ഓപ്പൺ റണ്ണർ അപ്പായ റോബർട്ട വിൻസിയുടെ പേരിലായിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ്. ഒരു ഗ്രാൻസ്ലാമിന്റെ ഫൈനലിലെത്താൻ വിൻസിക്ക് 44 മത്സരങ്ങൾ കളിക്കേണ്ടിവന്നു. ആറു വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ വനിതാ താരം ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് ഒരു റഷ്യൻ താരം ഗ്രാൻസ്ലാം ഫൈനൽ കളിച്ചത് 2015-ലാണ്. അന്ന് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിയ ഷറപ്പോവ സെറീന വില്ല്യംസിനോട് തോറ്റു. 2004 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ഏതെങ്കിലും ഒരു ഗ്രാൻസ്ലാം ഫൈനലിലെങ്കിലും ഒരു റഷ്യൻ വനിതാ താരം ഇടം നേടാറുണ്ടായിരുന്നു. 2005-ൽ മാത്രമാണ് ഇതിന് കോട്ടം സംഭവിച്ചത്. Content Highlights: Anastasia Pavlyuchenkova Beats Tamara Zidansek To Reach Maiden Grand Slam Final French Open
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.