News

Get the latest news here

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തുടനീളം കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും. ഇതുവഴി ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

യോഗ്യരായവർക്ക് പരിശീലനം നൽകാൻ 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളിലായി 300 നൈപുണ്യ കേന്ദ്രങ്ങൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

മൂന്ന് മാസത്തെ തൊഴിൽ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നൽകുക. എമർജൻസി കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, സാംപിൾ ശേഖരണം, ഹോം കെയർ സപ്പോർട്ട്, അഡ്വൻസ് കെയർ സപ്പോർട്ട്, മെഡിക്കൽ എക്യുപ്മെന്റ് സപ്പോർട്ട് എന്നീ ആറ് മേഖലകൾ തിരിച്ച് പരിശീലനം നൽകും. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരിശീലനം പൂർത്തിയാക്കി കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അഭാവം മൂലം പല ആശുപത്രികളിലും വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതിനാലാണ് മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കൂടി ഇതിൽ ഉൾപ്പെടുത്തിയത്. രോഗികളുടെ മെഡിക്കൽ രേഖകൾ കൈകാര്യം ചെയ്യാനും ഇവർക്ക് പരിശീലനം നൽകും.

നിലവിൽ രാജ്യത്തെ 500-ലേറെ ജില്ലകളിൽ ഓക്സിജൻ പ്ലാന്റുകളിൽ ജോലി ചെയ്യാനായി 20,000 ഐ.ടി.ഐ. ബിരുദധാരികളെ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിക്ക് കീഴിൽ നേരത്തെ 175,000 ലക്ഷം പേർക്ക് ആരോഗ്യമേഖലയിൽ പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മന്ത്രാലയം 150,000 പേർക്കും പരിശീലനം നൽകിയിരുന്നു.

content highlights:Ahead of third wave, Centre to create trained workforce to handle healthcare
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.