News

Get the latest news here

നിര്‍ദേശങ്ങള്‍ 'സഹകാര്‍ഭാരതി' വക: സഹകരണ വായ്പാമേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി

തിരുവനന്തപുരം: സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ 'പ്ലാനി'നെ ബാധിക്കില്ല. സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധി. അന്തസ്സംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനും അതിന് നിയമനിർമാണം നടത്താനും കേന്ദ്രത്തിന് അധികാരമുണ്ടാകും. ഇതിന്റെ സാധ്യതകളായിരിക്കും ഇനി കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടുത്തുക.

കേന്ദ്ര സഹകരണമന്ത്രാലയത്തിന് കീഴിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക് കർമപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ട നിർദേശങ്ങൾ ബി.ജെ.പി. അനുകൂല സഹകരണ സംഘടനയായ സഹകാർഭാരതി സമർപ്പിക്കും. നിലവിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ഭേദഗതിക്കുള്ള നിർദേശവും സഹകാർ ഭാരതി മുന്നോട്ടുവെച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, സ്വാശ്രയ സംഘങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക് കീഴിൽ തുടങ്ങാൻ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് നിർദേശം.

അഞ്ച് മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളം പ്രവർത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ് സഹകാർ ഭാരതിക്കുള്ളത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പാസംഘങ്ങൾ തുടങ്ങാനാണ് ആലോചന. ഗുജാറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില കൂട്ടായ്മകളും കേരളം പ്രവർത്തന പരിധിയാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ തുടങ്ങാൻ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ (കേരള ബാങ്ക്) മികച്ച പ്രവർത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇത്തരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് കീഴിൽ സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കും. അവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതാണ് സഹകാർഭാരതി ആലോചിക്കുന്നത്. നിലവിൽ 6000 സ്വാശ്രയ സംഘങ്ങൾ കേരളത്തിൽ സഹകാർഭാരതിക്ക് കീഴിലുണ്ട്.

സഹകരണ മാധ്യമവും പരിഗണനയിൽ

സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാധ്യമശ്രംഖല വേണമെന്ന നിർദേശവും സഹകാർഭാരതിക്കുണ്ട്. കേന്ദ്രത്തിന്റെ സഹകരണ പദ്ധതികൾ, ദേശീയ സഹകരണ ഏജൻസികളുടെ പദ്ധതികൾ, സഹകാർഭാരതിയുടെ പ്രവർത്തനങ്ങൾ, പൊതുസഹകരണ വാർത്തകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.