News

Get the latest news here

600 കോടിയുടെ നിക്ഷേപ തട്ടിപ്പ്; തമിഴ്‌നാട്ടിൽ ബി.ജെ.പി. നേതാവിനും സഹോദരനുമെതിരേ കേസ്

തഞ്ചാവൂർ: നിക്ഷേപ പദ്ധതിയുടെ പേരിൽ 600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരേ കേസ്. ഹെലിക്കോപ്റ്റർ സഹോദരങ്ങൾ എന്നപേരിൽ തഞ്ചാവൂരിൽ അറിയപ്പെട്ട എം.ആർ. ഗണേഷ്, എം.ആർ.സ്വാമിനാഥൻ എന്നിവർക്കേതിരെയാണ് പോലീസ് കേസെടുത്തത്. നിക്ഷേപിക്കുന്ന പണം നിശ്ചിത കാലയളവിൽ ഇരട്ടിയായി നൽകാം എന്ന് ഉറപ്പ് നൽകിയായിരുന്നു തട്ടിപ്പ്. ഇവർ ഒളിവിലാണ്. ഇവരുടെ സഹായിയെ അറസ്റ്റ് ചെയ്തു

കുറച്ച് വർഷം മുൻപ് കുംഭകോണത്ത് ഇരുവരും ചേർന്ന് വിക്ടറി ഫിനാൻസ് എന്ന സ്ഥാപനം തുടങ്ങി. അതു വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന തുക ഒരു വർഷത്തിനകം ഇരട്ടിയാക്കി തിരിച്ചു തരാം എന്ന ഉറപ്പ് നൽകി നൂറിലധികം പേരിൽ നിന്ന് പണം കൈക്കലാക്കി. പണം വാങ്ങാനായി ഏജന്റ്മാരെയും നിയോഗിച്ചിരുന്നു. ഇങ്ങനെ ആകെ 600 കോടി രൂപയോളം സമാഹരിച്ചു.

ആദ്യ ഘട്ടത്തിൽ കുറച്ചു പേർക്ക് പണം ഇരട്ടിയായി തിരിച്ച് നൽകി. ഇത് ആളുകളിൽ വിശ്വാസ്യത ഉണ്ടാകാൻ കാരണമായി. ഒരു ലക്ഷം രൂപ മുതൽ 15 കോടി രൂപ വരെ ഓരോരുത്തരും വിക്ടറി ഫിനാൻസിൽ നിക്ഷേപിച്ചു. എന്നാൽ, കഴിഞ്ഞ കുറച്ചുമാസമായി ആളുകൾ പണം തിരിച്ച് ചോദിക്കുമ്പോൾ സഹോദരങ്ങൾ ഗുണ്ടകളെ വിട്ടും രാഷ്ട്രീയ സ്വാധീനം കാട്ടിയും ഭീഷണിപ്പെടുത്തി. പണം തിരികെ നൽകിയുമില്ല.

15 കോടി രൂപ നഷ്ടപ്പെട്ട ജാഫറുള്ളയുടേയും ഭാര്യ ഫൈരാജ് ഭാനുവിന്റെയും പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. കേസന്വേഷണത്തിന് തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. വിക്ടറി ഫിനാൻസിന്റെ മാനേജർ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതികളായ സഹോദരങ്ങൾ ഒളിവിലാണ്. ഇവരുടെ 11 ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നാട്ടിൽ പാൽ ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയും സ്വകാര്യ ഹെലിപ്പാഡ് നിർമിച്ച് സ്വന്തമായി ഹെലിക്കോപ്റ്റർ വാങ്ങിയുമെല്ലാം നാട്ടുകാരുടെ ആദരവും വിശ്വാസ്യതയും നേടിയെടുക്കാൻ സഹോദരങ്ങൾ ശ്രമിച്ചു. അർജുൻ എന്ന പേരിൽ ഏവിയേഷൻ കമ്പനിയും റജിസ്റ്റർ ചെയ്തു. പ്രതി ഗണേഷിനെ ബി.ജെ.പി. വ്യാപാര സംഘടനാ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി ബി.ജെ.പി. തഞ്ചാവൂർ ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Content Highlights:Case registered agianst BJP leader and his brother for fraud
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.