News

Get the latest news here

നേതൃത്വത്തിന് വെല്ലുവിളി യെദ്യൂരപ്പയ്ക്ക് പകരം ആര്

കർണാടകത്തിൽ ബി.ജെ.പി. സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ ദിവസം മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള യെദ്യൂരപ്പയുടെ രാജിയും പകരക്കാരനെ കണ്ടെത്തലും പാർട്ടി കേന്ദ്രനേതൃത്വത്തിനുമുന്നിൽ വലിയ വെല്ലുവിളിയാണ്. കന്നഡനാട്ടിൽ ബി.ജെ.പി.യെന്നാൽ ബുക്കനക്കര സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന ബി.എസ്. യെദ്യൂരപ്പയാണ്. ദക്ഷിണേന്ത്യയിൽ താമരവിരിയിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം പതിനെട്ടടവും പയറ്റിയെങ്കിലും വിജയിച്ചത് കർണാടകത്തിൽ മാത്രം. ഇത് സാധ്യമാക്കിയത് യെദ്യൂരപ്പ എന്ന ലിംഗായത്ത് നേതാവിലൂടെയാണ്. പുതിയ നേതാവിനെ കണ്ടെത്താനോ വളർത്തിയെടുക്കാനോ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. രണ്ടാംനിര നേതാവിനെ യെദ്യൂരപ്പ വളർത്തിയെടുത്തില്ല എന്ന് പറയുന്നതാവും ശരി. യെദ്യൂരപ്പ ഒഴിഞ്ഞാൽ പകരം നേതാവിനെ കണ്ടെത്തൽ എളുപ്പമാവില്ല. സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സംസ്ഥാന മന്ത്രിമാരായ മുരുകേഷ് നിറാനി, ബസവരാജ് ബൊമ്മെ, അരവിന്ദ് ബെല്ലാഡ്, ബി.ജെ.പി. ജനറൽ സെക്രട്ടറി സി.ടി. രവി, ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ, അരവിന്ദ് ബെല്ലാഡ്, എന്നിവരുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്. ഇതിൽ മുരുകേഷ് നിറാനി, ബസവരാജ് ബൊമ്മെ, അരവിന്ദ് ബെല്ലാഡ് എന്നിവർക്ക് ലിംഗായത്ത് പിന്തുണയുണ്ട്.

യുവാക്കൾക്ക് പരിഗണനലഭിച്ചാൽ എം.പി.യും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയ്ക്ക് നറുക്കുവീഴാം. കറകളഞ്ഞ ആർ.എസ്.എസ്. പ്രവർത്തകനായ 31 വയസ്സുള്ള തേജസ്വി സൂര്യ മികച്ച വാഗ്മിയും അഭിഭാഷകനുമാണ്. യുവമോർച്ചയുടെ ദേശീയ അധ്യക്ഷനാണ്. കടുത്ത ഹിന്ദുത്വവാദിയായ തേജസ്വി സൂര്യയെ ആർ.എസ്.എസും പിന്തുണയ്ക്കും. എന്നാൽ, കേന്ദ്രനേതൃത്വം മുൻഗണനനൽകുന്നത് പ്രൾഹാദ് ജോഷിക്കാണെന്നാണ് വിവരം. എന്നാൽ, ഇവരൊന്നും യെദ്യൂരപ്പയുടെ തലപ്പൊക്കമുള്ള നേതാക്കളല്ല. ലിംഗായത്ത് നേതാവായ യെദ്യൂരപ്പയെ മാറ്റുമ്പോൾ ജാതിസമവാക്യങ്ങളും പരിഗണിക്കേണ്ടിവരും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മൂന്നുപേരുടെ പട്ടിക ദേശീയ നേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

ലക്ഷ്യം മക്കളുടെ പദവി
മക്കളായ ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര എന്നിവർക്ക് പ്രമുഖസ്ഥാനം നൽകണമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. ഇളയമകൻ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് പ്രധാന ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അനുമതിനൽകിയില്ലെങ്കിൽ കർണാടകം വീണ്ടും രാഷ്ട്രീയപ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. എം.എൽ.എ.മാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ യെദ്യൂരപ്പയ്ക്കാണ്. ബി.ജെ.പി.യുടെ എം.എൽ.എ.മാരിൽ 41 പേർ ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ളവരാണ്. നേതൃത്വത്തിൽനിന്നൊഴിഞ്ഞാലും യെദ്യൂരപ്പയെ മഴുവനായും അവഗണിക്കാൻ നേതൃത്വത്തിന് കഴിയില്ല. നേതൃത്വത്തിലിരിക്കുന്ന യെദ്യൂരപ്പയെക്കാൾ പാർട്ടിക്ക് ഭീഷണി പുറത്തുനിൽക്കുന്ന യെദ്യൂരപ്പയായിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷമുണ്ട്. 78 വയസ്സുള്ള യെദ്യൂരപ്പയ്ക്ക് ഇനിയൊരവസരമുണ്ടാവില്ല. ഇത് മുന്നിൽക്കണ്ടാണ് മക്കൾക്ക് ഉന്നതപദവി നേടിക്കൊടുത്ത് മാറിനിൽക്കാൻ യെദ്യൂരപ്പ സ്വയം തീരുമാനിച്ചതെന്നും വിലയിരുത്തുന്നു. നിലവിലെ സാഹചര്യത്തിൽ യെദ്യൂരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിക്കാനാണ് സാധ്യത.

രാജിയിലേക്ക് നയിച്ചത് പാർട്ടിക്കുള്ളിലെ പടനീക്കം
മുഖ്യമന്ത്രിസ്ഥാനം അത്രസുരക്ഷിതമല്ലെന്ന് യെദ്യൂരപ്പയ്ക്ക് ബോധ്യമുണ്ടായിരുന്നു. പാർട്ടിക്കകത്തും പുറത്തും പടനീക്കം ശക്തമാണ്. ഒരുകാലത്ത് അനുയായികളായിരുന്നവരാണ് ഇപ്പോൾ പടനീക്കം നടത്തിയത്. യെദ്യൂരപ്പയോട് അകലംപാലിക്കുന്ന സംഘടനാച്ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ പരോക്ഷപിന്തുണയും ഇവർക്കുണ്ട്. യെദ്യൂരപ്പയുടെ പ്രായം, കുടുംബത്തിനുനേരെ ഉയർന്ന അഴിമതിയാരോപണങ്ങൾ, ഇളയമകൻ ബി.വൈ. വിജയേന്ദ്ര സർക്കാരിലും പാർട്ടിയിലും നടത്തുന്ന ഇടപെടൽ എന്നിവ ഉയർത്തിയാണ് നേതൃത്വമാറ്റമെന്ന ആവശ്യം ശക്തമായത്. വിജയേന്ദ്രയുടെ നേതൃത്വത്തിൽ സമാന്തരസർക്കാർ പ്രവർത്തിക്കുന്നതായാണ് നേതാക്കളുടെ ആരോപണം.

യെദ്യൂരപ്പയെ തഴഞ്ഞ് ഒരിക്കൽ കേന്ദ്രനേതൃത്വത്തിന് കൈപൊള്ളിയതാണ്. യെദ്യൂരപ്പ പാർട്ടിവിട്ടപ്പോൾ 2013-ൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മൂന്നാംസ്ഥാനത്തായത് നേതൃത്വത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ ചേർന്നാണ് യെദ്യൂരപ്പയെ മടക്കി പാർട്ടിയിലെത്തിച്ചത്. തുടർന്ന് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. മികച്ച വിജയംനേടി.

2018-ലെ തിരഞ്ഞെടുപ്പിനുശേഷംവന്ന കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ പൊളിച്ചെന്നു മാത്രമല്ല കൂറുമാറിയവരെ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് സർക്കാരിന്റെ ഭൂരിപക്ഷം ഉറപ്പിക്കുകയുംചെയ്തു. യെദ്യൂരപ്പ നടപ്പാക്കിയ ഓപ്പറേഷൻ കമല ദേശീയതലത്തിൽ ചർച്ചയാകുകയും ചെയ്തു.

ലിംഗായത്ത് എന്ന സ്വാധീനശക്തി
സംസ്ഥാന ജനസംഖ്യയിൽ 17 ശതമാനംവരുന്ന ലിംഗായത്ത് സമുദായത്തിന് ആരുഭരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാധീനമുണ്ട്. ബി.എസ്. യെദ്യൂരപ്പയെ നേതാവായി ലിംഗായത്ത് അംഗീകരിച്ചിരിക്കുകയാണ്. ഇതാണ് യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളും സ്വാമിമാരും പരസ്യമായി രംഗത്തെത്തിയത്. യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി നൂറുകണക്കിന് ലിംഗായത്ത് സ്വാമിമാരാണ് ബെംഗളൂരുവിലെത്തിയത്. ആദ്യമായാണ് സമുദായനേതാക്കൾ ഇത്തരമൊരു പരസ്യനിലപാട് സ്വീകരിക്കുന്നത്. കേന്ദ്രനേതൃത്വത്തെ കാണാനുള്ള തീരുമാനത്തിലാണ് സമുദായനേതാക്കൾ. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടിയിലെ ലിംഗായത്ത് നേതാക്കളും യെദ്യൂരപ്പയ്ക്കു പിന്തുണയുമായെത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരുമായ എം.ബി. പാട്ടീൽ, ഷാമന്നൂർ ശിവശങ്കരപ്പ എന്നിവർ യെദ്യൂരപ്പയെ മാറ്റരുതെന്നാവശ്യപ്പെട്ടു. അഖിലേന്ത്യാ വീരശൈവ മഹാസഭ അധ്യക്ഷൻകൂടിയാണ് ഷാമന്നൂർ ശിവശങ്കരപ്പ.

1990 വരെ ലിംഗായത്തിന്റെ പൂർണപിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നു. എന്നാൽ, സമുദായനേതാവായിരുന്ന വീരേന്ദ്ര പാട്ടീലിനെ ആരോഗ്യകാരണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ദേശീയനതൃത്വം നീക്കിയതോടെ സമുദായം പാർട്ടിയുമായി അകന്നു. 1994-ൽനടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് ദയനീയതോൽവിയാണ്. ലിംഗായത്ത് നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധി പാട്ടീലിനെ മാറ്റാനുള്ള തീരുമാനമെടുത്തത്.

ഇത് ലിംഗായത്ത് സമുദായം അപമാനമായിക്കണ്ടു. സമുദായത്തിൽനിന്നുള്ള യെദ്യൂരപ്പ ബി.ജെ.പി.യിൽ സ്വാധീനമുറപ്പിച്ചതോടെ ലിംഗായത്ത് സമുദായം അദ്ദേഹത്തിന്റെപിന്നിൽ അണിനിരക്കുകയായിരുന്നു. കോൺഗ്രസിന്റെ അവസ്ഥ വരാതിരിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിക്കുമെന്നുറപ്പാണ്. യെദ്യൂരപ്പയെ ഒഴിവാക്കിയാൽ ബി.ജെ.പി.ക്ക് വലിയ വിലനൽകേണ്ടിവരുമെന്ന് ലിംഗായത്ത് നേതാക്കൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രിയിലേക്ക്

കർണാടകത്തിൽ ഏറ്റവും കൂടുതൽത്തവണ മുഖ്യമന്ത്രിയായതും കുറഞ്ഞകാലയളവിൽ മുഖ്യമന്ത്രിയായെന്നതും യെദ്യൂരപ്പയുടെ പ്രത്യേകതയാണ്. കുടുംബക്ഷേമ വകുപ്പിലെ ക്ലാർക്കിൽനിന്നും മുഖ്യമന്ത്രിപദവിയിലേക്കുള്ള യെദ്യൂരപ്പയുടെ വളർച്ച ആരെയും അദ്ഭുതപ്പെടുത്തും. പ്രബല ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയോടെ കർഷകരെ കൂട്ടുപിടിച്ചാണ് യെദ്യൂരപ്പ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണനേടാൻ കഴിഞ്ഞ ബി.ജെ.പി. നേതാവും ഇദ്ദേഹമാണ്. യെദ്യൂരപ്പയെ പിണക്കാതിരിക്കാൻ കേന്ദ്രനേതൃത്വം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

യെദ്യൂരപ്പയ്ക്കുവേണ്ടി പല വിട്ടുവീഴ്ചകൾക്കും പാർട്ടി നിർബന്ധിതരായി. 75 വയസ്സ് കഴിഞ്ഞവർ പദവികൾ വഹിക്കരുതെന്ന പൊതുമാനദണ്ഡം മറികടന്നാണ് 2019-ൽ യെദ്യൂരപ്പയെ നാലാംതവണയും മുഖ്യമന്ത്രിയാക്കിയത്. കർണാടകത്തിൽ നാലുതവണ മുഖ്യമന്ത്രി, മൂന്നുതവണ പ്രതിപക്ഷനേതാവ് എന്നത് യെദ്യൂരപ്പയ്ക്കുമാത്രം അവകാശപ്പെട്ടതാണ്. ഏറ്റവും കുറഞ്ഞ സമയം (രണ്ടരദിവസം 2018 മേയ് 17-19) മുഖ്യമന്ത്രിയായതും ചരിത്രം.
അനധികൃത ഇരുമ്പയിര് ഖനനത്തെക്കുറിച്ചുള്ള ലോകായുക്ത റിപ്പോർട്ടിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതും തുടർന്ന് ജയിലിൽപ്പോയതുമാണ് യെദ്യൂരപ്പയുടെ രാഷ്ട്രീയജീവിതത്തിന്റെ കറുത്ത അധ്യായം. ലോകായുക്ത റിപ്പോർട്ടിൽ കേന്ദ്രനേതൃത്വം കൈയൊഴിഞ്ഞതോടെ പുതിയ പാർട്ടിയുണ്ടാക്കി ശക്തിതെളിയിച്ച് തിരിച്ചെത്തിയ യെദ്യൂരപ്പയെ ചുവപ്പുപരവതാനി വിരിച്ചാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. യെദ്യൂരപ്പയ്ക്കെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളൊന്നും കേന്ദ്രനേതൃത്വം മുഖവിലയ്ക്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. 2013-ൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ജെ.പി. രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ യെദ്യൂരപ്പ ഏഴു സീറ്റിൽ വിജയിക്കുകയും 30 ഇടങ്ങളിൽ രണ്ടാംസ്ഥാനത്തെത്തുകയുംചെയ്തു. ഭരണകക്ഷിയായിരുന്ന ബി.ജെ.പി. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.