News

Get the latest news here

ഹോക്കിയില്‍ ഇന്ത്യക്ക് നിര്‍ണായകം

ടോക്യോ: ഒളിമ്പിക്സ് ഹോക്കിയിൽ ഓസ്ട്രേലിയയോടേറ്റ വമ്പൻ തോൽവിയിൽനിന്ന് തിരിച്ചുവരാൻ ഇന്ത്യൻ ടീം ഇറങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 6.30-ന് പൂൾ എ മത്സരത്തിൽ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി.

രണ്ട് മത്സരങ്ങളിൽനിന്ന് മൂന്ന് പോയന്റുമായി പൂളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ (6), അർജന്റീന (4), ന്യൂസീലൻഡ് (3) ടീമുകൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പോയന്റ് നിലയിൽ ഇന്ത്യയ്ക്കൊപ്പമുള്ള ന്യൂസീലൻഡ് ഗോൾശരാശരിയിലാണ് മുന്നിലെത്തിയത്.

ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള സ്പെയിനെതിരേ ജയിച്ച് ക്വാർട്ടർ പ്രതീക്ഷ നിലനിർത്താമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ പരിശീലകൻ ഗ്രഹാം റീഡ്. ഓസ്ട്രേലിയക്കെതിരേ എല്ലാ മേഖലകളിലും ടീമിന്റെ പ്രകടനം ദയനീയമായി. 2019-ൽ റീഡ് ചുമതലയേറ്റടെുത്തശേഷം ടീമിന്റെ ഏറ്റവും വലിയ തോൽവിയാണിത്.

പ്രതിരോധത്തിൽ രൂപീന്ദർപാൽസിങ്, ഹർമൻപ്രീത് സിങ്, ബീരേന്ദ്ര ലാക്ര, റോഹിഡാസ് എന്നിവർ അമ്പേ പരാജയമായി. മധ്യനിരയിൽ നായകൻ മൻപ്രീത് സിങ് മാത്രമാണ് മികച്ചുനിന്നത്. മുന്നേറ്റത്തിൽ മൻദീപും ലളിത് ഉപാധ്യായയും നിറംമങ്ങി. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനും പതിവുഫോമിലേക്കുയരാൻ കഴിഞ്ഞില്ല.

ആദ്യകളിയിൽ ന്യൂസീലൻഡിനെ മറികടന്ന ഇന്ത്യയ്ക്ക് കരുത്തരായ അർജന്റീന, ആതിഥേയരായ ജപ്പാൻ എന്നീ ടീമുകൾക്കെതിരായ മത്സരം കൂടി ബാക്കിയുണ്ട്. പൂളിൽ ആദ്യനാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടറിലെത്തും.

Content Highlights: Tokyo 2020 Hockey Team India to face Spain after humiliation by Australia
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.