News

Get the latest news here

492 പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; നാളെ റദ്ദാകും



തിരുവനന്തപുരം: ഓഗസ്റ്റ് നാലിനു റദ്ദാകുന്ന പി.എസ്.സി.യുടെ 492 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കാലാവധി നീട്ടാൻ സർക്കാരിൽനിന്ന് ശുപാർശയുണ്ടാകാത്ത സാഹചര്യത്തിൽ റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഇതോടെ, റാങ്ക് ജേതാക്കൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സമരം ലക്ഷ്യംകാണില്ലെന്നുറപ്പായി.എൽ.ഡി. ക്ലാർക്ക്, ഡ്രൈവർ, വനിതാ സിവിൽ പോലീസ് ഓഫീസർ തുടങ്ങി റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് പി.എസ്.സി. യോഗം തീരുമാനിച്ചത്. റാങ്ക്‌ പട്ടികയിലുള്ള അവസാനത്തെ ആൾക്കുവരെ നിയമനം നൽകുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തൊഴിൽരഹിതർക്കൊപ്പമാണ്. എന്നാൽ, റാങ്ക്‌ പട്ടികയിലുള്ളവരെക്കാൾ എത്രയോപേർ പുറത്തുനിൽപ്പുണ്ടെന്ന കാര്യമോർക്കണം. അതിനാൽ പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനം വേഗത്തിലാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സമരംചെയ്ത റാങ്ക് പട്ടികയിലുള്ളവരോട് പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീൽ നൽകുകയാണ്‌. റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നൽകാതെ പാർട്ടിക്കാർക്കു പിൻവാതിൽ നിയമനം നൽകുകയാണെന്ന്‌ ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.ട്രിബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ പോകുന്നത് സാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികകളുടെ കാലാവധി അവസാനിക്കുന്നതു വരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് പട്ടിക നീട്ടൽ ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയിൽകൊച്ചി: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ(കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്‌.സി. ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹർജിയിൽ പറയുന്നു. ഒാഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്. കെ.എ.ടി. വിധി നിയമപ്രകാരമല്ലെന്ന് പി.എസ്.സി. യോഗം വിലയിരുത്തി. മേൽക്കോടതി വിധികളുടെ ലംഘനമാണിതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു റാങ്ക്പട്ടികയുടെ മാത്രം കാലാവധി നീട്ടുന്നത് അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് അപ്പീൽ നൽകുന്നതെന്നും ചെയർമാൻ എം.കെ. സക്കീർ യോഗത്തിൽ അറിയിച്ചു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.