By
Admin
/
Aug 30, 2021 //
Editor's Pick /
പാരാലിമ്പിക്സ്: ജാവലിനില്‍ സുമിത്തിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം
ടോക്യോ: പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം. എഫ്64 വിഭാഗത്തിൽ സുമിത് ആന്റിലാണ് ലോക റെക്കോർഡോടെ സ്വർണം കൊയ്തത്. ഫൈനലിൽ മൂന്ന് തവണയാണ് സുമിത് ലോക റെക്കോർഡ് ഭേദിച്ചത്. 68.55 മീറ്റർ എറിഞ്ഞായിരുന്നു സുമിത് മെഡൽ കരസ്ഥമാക്കിയത്.
ആദ്യ ശ്രമത്തിൽ തന്നെ 66.95 മീറ്റർ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തിൽ 68.08 മീറ്റർ ദൂരം കടത്തി വീണ്ടും റെക്കോർഡ് തിരുത്തി. തുടർന്ന് അഞ്ചാം ശ്രമത്തിൽ മിനിറ്റുകൾക്ക് മുമ്പ് താൻ സൃഷ്ടിച്ച റെക്കോർഡെല്ലാം ഭേദിച്ച് 68.55 മീറ്റർ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോർഡ് തന്റെ പേരിൽ അരക്കിട്ടുറപ്പിച്ചു. ഒപ്പം സ്വർണവും.
സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം.
ഓസ്ട്രേലിയയുടെ മൈക്കൽ ബുരിയാൻവെള്ളിയും ശ്രീലങ്കയുടെ ദുലൻ കൊടിതുവാക്കു വെങ്കലവും നേടി. ഇരുവരും യഥാക്രമം 66.29 മീറ്ററും 65.61 മീറ്ററും എറിഞ്ഞാണ് സുമിതിന് പിന്നിലെത്തിയത്.
പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഷൂട്ടർ അവനി ലേഖ്റ നേരത്തെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതടക്കം ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്സിൽ നേടിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡൽവേട്ടയാണ് ഇത്തവണത്തെ പാരാലിമ്പിക്സിൽ.
Related News
Comments