News

Get the latest news here

ആരുടെ മകള്‍ക്കും ഇത് സംഭവിക്കാം, അത് മറക്കരുത്; യു.പി. പോലീസിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

ലഖ്നൗ: മെൻപുരിയിൽ 2019-ൽ ദുരൂഹസാഹചര്യത്തിൽ 16 വയസ്സുകാരി മരിച്ചകേസ് ഉത്തർപ്രദേശ് പോലീസ് കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. ഒരു പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള പെൺകുട്ടിക്കാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന്കോടതിയിൽഹാജരായ ഉത്തർപ്രദേശ്പോലീസ് മേധാവിയോട് ജഡ്ജി പറഞ്ഞു. ആരുടെമകൾക്ക് വേണമെങ്കിലും ഇത്സംഭവിക്കാമെന്നും അത് ഭരണകൂടം മറക്കരുതെന്നും കോടതി പോലീസിനെ ഓർമ്മിപ്പിച്ചു.

2019 സെപ്റ്റംബർ 16നാണ് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ആദ്യം മെൻപുരി പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന്കൈമാറുകയായിരുന്നു. പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച നടന്ന വിചാരണയിൽ ഉത്തർപ്രദേശ് പോലീസ് മേധാവി മുകുൾ ഗോയലിനോട് കോടതിയിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയും ജസ്റ്റിസ് എ.കെ ഓജയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശ് ഡി.ജി.പിയോട് കേസിന്റെ രേഖകൾ പരിശോധിച്ച് ബെഞ്ചിനെ അറിയിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

എഫ്.ഐ.ആർ. സമർപ്പിച്ചതിന് ശേഷം ഏകദേശം മൂന്ന് മാസത്തോളം പോലീസ് പ്രതികളെ ചോദ്യം ചെയ്തില്ലെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ, പോലീസ് എങ്ങനെയാണ് ഇത്തരം കേസുകൾ അന്വേഷിക്കുന്നത്? യു.പി. ഡി.ജി.പിയോട് കോടതി ചോദിച്ചു.

കൃത്യതയോടെ ചോദ്യം ചെയ്യാനോ, വൈദ്യപരിശോധനാ തെളിവുകൾ ശേഖരിക്കാനോ, അത് കൃത്യസമയത്ത് ഫോറൻസിക് ലാബിലേക്ക് അയയ്ക്കാനോ കഴിയാത്ത ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടികൾ നിലനിൽക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടതി പ്രതീക്ഷിക്കുന്നതായി ഡി.ജി.പിയോട് ബെഞ്ച് പറഞ്ഞു.

കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും പെൺകുട്ടിയെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തതായി അമ്മ ആരോപിച്ചിട്ടും കൃത്യമായ അന്വേഷണം നടക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി പറഞ്ഞു.

Content Highlights: Allahabad high court slams at uttarpradesh police on sixteen year old murder case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.