News

Get the latest news here

തീവ്രവാദ ബന്ധം; ജമ്മുവില്‍ രണ്ട് പോലീസുകാർ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ സർക്കാർ പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി ജാഫർ ഹുസൈൻ ബട്ട് (പോലീസ് കോൺസ്റ്റബിൾ), റാഫി ബട്ട് (പിഡബ്ല്യുഡി ജൂനിയർ അസിസ്റ്റന്റ്), അബ്ദുൾ ഹമീദ് വാനി (അധ്യാപകൻ), ലിയാഖത് അലി കാക്രൂ (അധ്യാപകൻ), താരിഖ് മെഹ്മൂദ് കോലി (റേഞ്ച് ഓഫീസർ), ഷൗക്കത്ത് അഹമ്മദ് ഖാൻ (പോലീസ് കോൺസ്റ്റബിൾ) എന്നിവർക്കെതിരേയാണ് കർശന നടപടി സ്വീകരിച്ചത്.

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിനും അവരുടെ അനുയായികളായി പ്രവർത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞവർഷം ജൂലായിൽ 11 സർക്കാർ ജീവനക്കാരേയും ജമ്മു കശ്മീർ ഭരണകൂടം പിരിച്ചുവിട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

content highlights:Jammu and Kashmir Govt sacks 6 employees for having terror links
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.