News

Get the latest news here

എമര്‍ജന്‍സി ലാന്‍ഡിങ്ങ്, 24 വര്‍ഷം ഉപേക്ഷിച്ച നിലയില്‍; ഒടുവില്‍ ടയര്‍ മാറ്റി വിമാനം പറന്നു

ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികൾ ചിലപ്പോഴെങ്കിലും ഒരു അതൃപ്തി സൃഷ്ടിക്കാറുണ്ട്. എത്തിയ അതിഥി ദിവസങ്ങളോളം ആഴ്ചകളോളം സ്ഥിരതാമസമാക്കിയാലോ?! അത്തരമൊരു കഥയുണ്ട് നാഗ്പുർ വിമാനത്താവളത്തിൽ 24 വർഷം നിർത്തിയിട്ട ബോയിങ് 720 വിമാനത്തിന്. കാരണം 1991ൽ നാഗ്പുർ വിമാനത്താവളത്തിൽ നിർത്തിയിട്ട ആ വിമാനം അടുത്ത 24 വർഷം മറ്റൊരിടത്തേക്കും തിരിച്ചുപറന്നിട്ടേ ഇല്ല.. ക്ഷണിക്കപ്പെടാതെ എത്തി ബാധ്യതയായി തീർന്ന ആ അതിഥി വിമാനത്തിന്റെ കഥ ഇങ്ങനെ..

1991 ജൂലൈ 21നാണ് ബോയിങ് 720 വിമാനം നാഗ്പുർ വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയത്. എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങിന് അനുമതി തേടുകയായിരുന്നു. അന്ന് കോണ്ടിനെന്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം സ്വകാര്യ യാത്രയ്ക്കാണ് ഉപയോഗിച്ചിരുന്നത്. സാധാരണയായി സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനങ്ങൾ ലാൻഡ് ചെയ്താൽ തൊട്ടുപിന്നാലെ കമ്പനിയുടെ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കാറാണ് പതിവ്. എന്നാൽ നാഗ്പുരിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ പ്രശ്നം പരിഹരിക്കാൻ ആരും എത്തിയില്ലെന്നു മാത്രമല്ല ബോയിങ് 720 വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ഒറ്റപ്പെട്ടുകിടന്നു. അത് ദിവസങ്ങളോളം, മാസങ്ങളോളം, വർഷങ്ങളോളം നീണ്ടു. 2015 വരെ വിമാനം ആ സ്ഥാനത്ത് നിന്ന് അനങ്ങിയില്ല. വിമാനത്തെ തേടി ആരും എത്തിയുമില്ല.

പഴഞ്ചൻ വിമാനം തിരിച്ചെടുക്കാൻ താൽപര്യമില്ലെന്നാണ് വിമാനകമ്പനി അറിയിച്ചത്. റൺവേയിൽ പാർക്ക് ചെയ്തതിൽ വിമാനത്തിനുള്ള പാർക്കിങ് ഫീസ് ലക്ഷങ്ങളോളം ഉയർന്നെങ്കിലും തുക അടയ്ക്കാനും സി.എ.പി.എൽ തയ്യാറായില്ല. ഒടുവിൽ കേസ് മുംബൈ ഹൈക്കോടതിയിലെത്തി.


I just found out that

1. For 24 years every pilot who landed at the airport in Nagpur, India had to be warned about the Boeing 720 sitting next to the runway.

2. That it was my dads fault.

This is the story of my dads junkyard jet. pic.twitter.com/yxw2qjLQHX
— Chris Croy (@ChrisCroy) October 12, 2021



വർഷം രണ്ട് പിന്നിട്ടപ്പോൾ വിമാനസർവീസുകളുടെ എണ്ണം കൂടി. വിമാനത്താവളത്തിൽ ഒരു സ്ഥാനത്ത് തന്നെ സ്ഥിരമായി നിർത്തിയിട്ടിരിക്കുന്ന വിമാനം വലിയ പ്രശ്നമായി തുടർന്നു. മറ്റ് വിമാനങ്ങൾ വന്നുപോകുന്നതിന് തടസ്സം നേരിട്ടു. തുടർന്ന് വിമാനം നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1993ൽ നിരന്തര പരിശ്രമത്തിനു ശേഷം വിമാനത്തെ 90 മീറ്റർ നീക്കാൻ അധികൃതർക്ക് സാധിച്ചു. എന്നിരുന്നാലും ബോയിങ് 720 ഉണ്ടാക്കിയ തടസ്സം പൂർണമായും ഒഴിവാക്കാനായില്ല. മറ്റ് സർവീസുകൾക്കുള്ള തടസ്സം പൂർണമായും ഒഴിവാക്കണമെങ്കിൽ 150 മീറ്റർ എങ്കിലും വിമാനത്തെ നീക്കണമായിരുന്നു.

വിമാനം പൂർണമായും നീക്കണമെന്ന് നിരവധി തവണ ഡിജിസിഎ നാഗ്പുർ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇവയെല്ലാം അവഗണിക്കപ്പെട്ടു. ഒടുവിൽ 2011ൽ വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന് ഡിജിസിഎ കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ബോയിങ് 720 റൺവേയിൽ നിന്ന് 600 മീറ്റർ നീക്കിവെച്ചത്.

ഒടുവിൽ 2015ൽ നാഗ്പുർ വിമാനത്താവളത്തിന്റെ ചുമതലയേറ്റെടുത്ത എയർപോർട്ട് ഡയറക്ടർ ബോയിങ് 720ന്റെ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ കച്ചകെട്ടിയിറങ്ങി. വെറും അര മണിക്കൂറിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടു, വിമാനം നീക്കാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ 2015 സെപ്തംബർ 29ന് ബോയിങ് വിമാനം നാഗ്പുർ ഫ്ളൈയിങ് ക്ലബ്ബിലേക്ക്, പുതിയ വീട്ടിലേക്ക് പറന്നു. ഏറെക്കാലം നാഗ്പുർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തിയ, അപകട സാധ്യത വർധിപ്പിച്ച ആ വിമാനത്തിന് അതിന്റെ പുതിയ വീട്ടിലേക്ക് പറക്കാൻ പുതിയ ജോഡി ടയറുകൾ മാത്രമാണ് വേണ്ടി വന്നത് എന്നത് അധികൃതരെ പോലും ഞെട്ടിച്ച മറ്റൊരു സത്യം !


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.