News

Get the latest news here

വികസനത്തിനെതിരേ അവിശുദ്ധ കൂട്ടുകെട്ട്,സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണും- മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ ഹരിത പദ്ധതിയായ സിൽവർ ലൈനിന് എതിരായ പ്രചരണങ്ങൾ മനഃപൂർവമാണ്. വികസന പദ്ധതികൾക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടിൽ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനു മുന്നിൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിൽനിന്ന്, ഈ നാടിന്റെ വികസനം സാധാരണഗതിയിൽ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണ്. എന്താണ് അതിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി നടന്നുകൂടാ, ഇപ്പോൾ നടക്കാൻ പാടില്ല എന്നതാണ്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിന് ഉത്തരം പറയാൻ കുറച്ചു പ്രയാസമുണ്ട്. അതുകൊണ്ട് അതിന് അവർ ഉത്തരം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ ശക്തികൾ ഏതെല്ലാം തലങ്ങളിൽ തുരങ്കം വെക്കാനാകുമോ അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നതാണ്. അതിന്റെ ചില പ്രതിഫലനങ്ങൾ കേന്ദ്രത്തിലും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാട് അതിനൊരു ഘടകമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടൊപ്പം വലിയതോതിൽ സഹകരിച്ചു നിന്നവർ ചില മുടക്കുന്യായങ്ങൾ ഇപ്പോൾ പറയുന്നതായി കാണുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാൻ അവിശുദ്ധ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികൾക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടിൽ ബി.ജെ.പിയും ഭാഗമായതു കൊണ്ടാണ് കേന്ദ്രത്തെ തലയിടീക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights:will meet narendra modi on silver line matter- chief minister pinarayi vijayan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.