News

Get the latest news here

മികച്ച ഫോം തുടര്‍ന്ന് ഹൈദരാബാദ്, ബെംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി

ബംബോലിം:ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളൂരു എഫ്.സിയെ കീഴടക്കി ഹൈദരാബാദ് എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം.

സൂപ്പർ താരം ബർത്തലോമ്യു ഒഗ്ബെച്ചെ ടീമിനായി വിജയഗോൾ നേടി. ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 4 മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് സീസണിലെ മൂന്നാം തോൽവി ഏറ്റുവാങ്ങി ബെംഗളൂരു പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് വീണു. സുനിൽ ഛേത്രിയടക്കമുള്ള മികച്ച മുന്നേറ്റനിരയുണ്ടായിട്ടും ബെംഗളൂരു നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൗവിക് ചൗധരി ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഹൈദരാബാദ് ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. അതിന്റെ ഫലമായി മത്സരത്തിന്റെ ഏഴാം മിനിട്ടിൽ തന്നെ ഹൈദരാബാദ് ബെംഗളൂരുവിനെതിരേ ലീഡെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്.

ആകാശ് മിശ്രയുടെ മികച്ച പാസ് സ്വീകരിച്ച ഒഗ്ബെച്ചെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ബെംഗളൂരു പ്രതിരോധതാരംപ്രതിക് ചൗധരിയുടെ കാലിലുരസി വലയിൽ കയറി. ഇതോടെ ഹൈദരാബാദ് ക്യാമ്പിൽ ആവേശമുണർന്നു.

ബെംഗളൂരുവിന്റെ ആക്രമണങ്ങൾ വളരെ ദുർബലമായിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്താൻ സുനിൽ ഛേത്രിയ്ക്കും സംഘത്തിനും സാധിച്ചില്ല.

31-ാം മിനിട്ടിൽ ഒഗ്ബെച്ചെ ബെംഗളൂരു ഗോൾമുഖത്ത് അപകടം വിതച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആദ്യ പകുതിയിൽ മികച്ച അവസരങ്ങളുണ്ടായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെംഗളൂരു ആക്രമണം ശക്തമാക്കി . 47-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ ക്ലെയിറ്റൺ സിൽവയുടെ മനോഹരമായ ചിപ്പ് ഷോട്ട് ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി തട്ടിയകറ്റി.

56-ാം മിനിട്ടിൽ ഹൈദരബാദ് പോസ്റ്റിന്റെ തൊട്ടുമുന്നിൽ വെച്ച് സിൽവയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും ബെംഗളൂരു താരത്തിന്റെ ദുർബലമായ ഷോട്ട് കട്ടിമണി കൈയ്യിലൊതുക്കി. 62-ാം മിനിട്ടിൽ വീണ്ടും മികച്ച അവസരം ലഭിച്ചെങ്കിലും ഇത്തവണയും സിൽവയെ ഭാഗ്യം തുണച്ചില്ല.

80-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ സുരേഷ് വാങ്ജം ഒരു ലോങ്ഷോട്ട് ശ്രമിച്ചെങ്കിലും ഗോൾകീപ്പർ കട്ടിമണി അത് അനായാസം കൈയ്യിലൊതുക്കി. മത്സരത്തിന്റെ അവസാന സെക്കൻഡുകളിൽ ബെംഗളൂരുവിന്റെ അജിത് കാമരാജിന് സുവർണവസരം ലഭിച്ചെങ്കിലും താരത്തിന്റെ കാലിലെത്തും മുൻപ് പന്ത് തട്ടിയകറ്റി ഗോൾകീപ്പർ കട്ടിമണി വലിയ അപകടം ഒഴിവാക്കി. വൈകാതെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി.

Content Highlights: Bengaluru FC vs Hyderabad FC ISL 2021-2022 match live updates
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.