News

Get the latest news here

കേന്ദ്രത്തിനും ‘ചങ്കിലെ ചൈന’; തടയിട്ട് ഗുജറാത്ത് ഹൈക്കോടതി



അഹമ്മദാബാദ്: ചൈനയിൽനിന്നുള്ള പി.വി.സി. ഫ്ളെക്സ് ഫിലിം ഇറക്കുമതിക്കുണ്ടായിരുന്ന അധികത്തീരുവ നീക്കിയ കേന്ദ്രത്തിന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേചെയ്തു. ‘ചൈനയെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം. പക്ഷേ, അവഗണിക്കാനാവില്ല’ എന്ന പരിഹാസത്തോടെയായിരുന്നു നടപടി.ആറുവർഷമായി ഇന്ത്യ ചുമത്തിയിരുന്ന ആന്റി ഡമ്പിങ് തീരുവയാണ് കേന്ദ്രസർക്കാർ നീക്കിയത്. ആഭ്യന്തരവിപണിയിലേക്കാളും കുറഞ്ഞവിലയിൽ ചൈനയിൽനിന്ന് ഇറക്കുമതിയുണ്ടാകാതിരിക്കാനായിരുന്നു തീരുവ ചുമത്തിയത്. ഇതിനെതിരേ ക്യുറക്സ് ഫ്ളെക്സ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പലേറ്റ് ട്രിബ്യൂണലിനെ ആദ്യം സമീപിച്ചെങ്കിലും ബെഞ്ച് ലഭിച്ചില്ല. ചൈനീസ് ഉത്‌പന്നങ്ങൾ വിപണിയിൽ വരുന്നത് ആഭ്യന്തര ഉത്‌പാദകർക്ക് നഷ്ടമുണ്ടാക്കുമെന്ന് ഇവർ ഹൈക്കോടതിയിൽ പരാതിപ്പെട്ടു. എന്നാൽ, അധികത്തീരുവ തുടർന്നും ചുമത്തിയാൽ ഉത്‌പന്നത്തിന് ക്ഷാമമുണ്ടാകുമെന്നും അത് ഉപഭോക്താക്കളെ ബാധിക്കുമെന്നും കേന്ദ്രം മറുപടി നൽകി.ഈസാഹചര്യത്തിലാണ് ‘ചൈനയെ അവഗണിക്കാനാവില്ല’ എന്ന പരാമർശം ജസ്റ്റിസുമാരായ ജെ.ബി. പർഡിവാലയുടെയും നിഷ ഠാക്കോറിന്റെയും ബെഞ്ചിൽനിന്നുണ്ടായത്. തീരുവ നീക്കിയ സർക്കാർ ഉത്തരവ് ആറാഴ്ചത്തേക്ക് സ്റ്റേചെയ്ത കോടതി അതിനകം പരാതി തീർപ്പാക്കാൻ എക്സൈസ് ആൻഡ്‌ സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന് നിർദേശവും നൽകി.ചൈനയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2020-ൽ 46 ശതമാനം വർധിച്ചതായി ചൈന ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്റെ കണക്കുകൾ പുറത്തുവന്നിരുന്നു. 2021-ൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ 12,600 കോടി ഡോളറിന്റെ വ്യാപാരം നടന്നു. കയറ്റുമതിയുടെ നാലിരട്ടിയോളമാണ് ഇറക്കുമതി. പി.വി.സി. ഫ്ലെക്സിന്റെ നികുതി നീക്കിയെങ്കിലും അലുമിനിയം ഉത്‌പന്നങ്ങൾക്ക് ഡിസംബറിൽ ആന്റി ഡമ്പിങ് തീരുവ ചുമത്തിയിട്ടുണ്ട്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.