News

Get the latest news here

ഉച്ചിയുറപ്പിച്ച കൈകൊണ്ടു തന്നെ ഉദകക്രിയയും!

ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം കുരയ്ക്കാൻ മാത്രം കഴിയുന്ന, എന്നാൽ കടിക്കാൻ കഴിയാത്ത, ഒരു കാവൽനായ എന്നതാണ്. എന്നാൽ, ഓംബുഡ്സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാൻ കഴിയും.ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ അഴിമതിവിരുദ്ധ-ദുർഭരണവിരുദ്ധ നിശ്ചയദാർഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ൽ നിയമത്തിലൂടെ വന്ന ലോകായുക്ത. ഇതിനെ നിലനിർത്താനും ശക്തിപ്പെടുത്താനും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയുണ്ടാവണം

മുഖ്യമന്ത്രി പിണറായി വിജയൻ 2019-ൽ പാർട്ടി പ്രസിദ്ധീകരണമായ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നതാണിത്. അതേ ലോകായുക്തയ്ക്ക് ഇപ്പോൾ കത്രിക പൂട്ടിടാൻ കാർമ്മികത്വം വഹിക്കുന്നതും പിണറായി വിജയൻ തന്നെ. ഉച്ചിയുറപ്പിച്ച കൈകൊണ്ടു തന്നെ ഉദകക്രിയയും!

അഴിമതി നിരോധന സംവിധാനങ്ങളെയാകെ നിർജ്ജീവമാക്കാനാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതീവരഹസ്യമായി മന്ത്രിസഭ പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചത്. ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രിമാർക്കെതിരെയും അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന കേന്ദ്ര സർക്കാരിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ഏക ആശ്രയമായിരുന്ന ലോകായുക്തയെ അപ്രസക്തമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.


നിയമ ഭേദഗതിയിലൂടെ ഗവർണർക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേൽ ഹിയറിങ് നടത്തി നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാൽ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സർക്കാരിനെതിരേ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയിൽ ലോകായുക്തയെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം.


കോടതി വിധി 12-ാം വകുപ്പിൽ; ഭേദഗതി 14-ൽ

ഹൈക്കോടതിയുടെ രണ്ട് സുപ്രധാന വിധികൾ അനുസരിച്ചുള്ള ഭേദഗതി ഓർഡിനൻസെന്നാണ് നിയമ മന്ത്രി പി.രാജീവ് പറയുന്നത്. എന്നാൽ ഇപ്പോൾ ഭേദഗതി നടത്തിയിരിക്കുന്ന ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല ഈ രണ്ടു വിധികളും. 12-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. 12(1)ാം വകുപ്പ് അനുസരിച്ച് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമെ ലോകായുക്തയ്ക്കുള്ളൂ. അതു ശരിയുമാണ്. എന്നാൽ ഇവിടെ 12(1)ാം വകുപ്പല്ല, 14-ാം വകുപ്പിലാണ് സർക്കാർ ഭേദഗതി വരുത്തുന്നത്. ആരോപണവിധേയനായ ആൾ സ്ഥാനം ഒഴിയണമെന്ന് ലോകായുക്ത വിധിക്കുന്നത് 14-ാം വകുപ്പ് അനുസരിച്ചാണ്. മന്ത്രി കെ.ടി ജലീലിനെതിരായ കേസിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് വിധി പറഞ്ഞതും 14-ാം വകുപ്പനുസരിച്ചാണ്. 22 വർഷത്തെ ചരിത്രത്തിൽ 14-ാം വകുപ്പ് അനുസരിച്ച് കെ.ടി ജലീന്റെ കേസിൽ മാത്രമാണ് ലോകായുക്ത വിധി പറഞ്ഞത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്.

മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്ക് മാത്രമോ?

ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാർ രാജിവയ്ക്കേണ്ടത് ഗവർണറുടെ പ്ലഷർ അനുസരിച്ച് മാത്രമാണെന്ന സർക്കാർ വാദവും നിലനിൽക്കില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് ഒരു മന്ത്രിയെ, എം.എൽ.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയാലും രാജിവയ്ക്കണം. അനുച്ഛേദം 32, 226 അനുസരിച്ച് സുപ്രീം കോടതിയോ ഹൈക്കോടതിയോ ക്വാ വാറണ്ടോ റിട്ടുകളിൽ ഉത്തരവ് നൽകിയാലും ഗവർണറുടെ അനുമതി ഇല്ലാതെ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. അനുച്ഛേദം 164-ന് പരിമിതമായ അധികാരം മാത്രമാണുള്ളത്. ഇതിനെ ദുർവ്യാഖ്യാനം ചെയ്താണ് മന്ത്രിമാരെ പുറത്താക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് നിയമ മന്ത്രി വാദിക്കുന്നത്.

നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയേണ്ടത് എക്സിക്യൂട്ടീവല്ല

ലോകായുക്ത നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നതാണ് നിയമമന്ത്രിയുടെ മറ്റൊരു വാദം. 1999-ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലോകായുക്ത നിയമം പ്രബല്യത്തിൽ വന്നത്. 22 വർഷങ്ങൾക്ക് മുൻപുള്ള ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോൾ പറയാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നാണ് പറയുന്നത്. ഒരു നിയമം ഭരണഘടനാവിരുദ്ധമെന്നു പറയേണ്ടത് എക്സിക്യൂട്ടീവല്ല, കോടതികളാണ്. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് കോടതികളിൽ നിക്ഷിപ്തമായിട്ടുള്ള അധികാരത്തെയാണ് സർക്കാർ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

എക്സിക്യൂട്ടീവ് എങ്ങനെ അപ്​ലേറ്റ് അതോറിട്ടിയാകും

ലോകായുക്ത നിയമത്തിൽ അപ്പീലിനുള്ള വകുപ്പ് ഇല്ലെന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരു വകുപ്പ് കൂട്ടിച്ചേർത്താൽ പോരെ? പ്രതിപക്ഷവും അനുകൂലിക്കാം. അപ്പീൽ വകുപ്പ് ഇല്ലാതെ തന്നെ നിലവിൽ ലോകായുക്ത വിധികൾക്കെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാറുണ്ട്. ഇതിനായി ഹൈക്കോടതിയിൽ ലോകായുക്ത അഭിഭാഷകനെയും നിയോഗിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് സുപ്രീം കോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ പ്രവർത്തിച്ച ലോകായുക്ത ജുഡീഷ്യൽ പ്രക്രിയയിലൂടെ എടുക്കുന്ന തീരുമാനത്തിൻ മേൽ മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥൻമാരോ ഹിയറിങ് നടത്തുന്നതിലൂടെ അവർ തന്നെ അപ്പലേറ്റ് അതോറിട്ടിയാകും. ജുഡീഷ്യൽ സംവിധാനമാണ് ജുഡീഷ്യൽ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടത്. എക്സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യൽ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്? ഈ തെറ്റായ വ്യാഖ്യാനത്തെ അംഗീകരിക്കാനാകില്ല. ഇപ്പോഴത്തെ ലോകായുക്ത നിയമമല്ല ഭേദഗതി ഓർഡിനൻസാണ് ഭരണഘടനാ വിരുദ്ധം.

സ്വാഭാവിക നീതിയുടെ ലംഘനം

അവരവരുടെ കേസിൽ അവരവർ തന്നെ ജഡ്ജിയാകൻ പാടില്ലെന്നത് സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ്. അങ്ങനെയെങ്കിൽ മന്ത്രിമാർക്കെതിരായ ഒരു കേസിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതും മുഖ്യമന്ത്രിക്കെതിരായ കേസിൽ മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം ഗവർണർ തീരുമാനമെടുക്കുന്നതും നിയമവിരുദ്ധമാണ്. ഇന്ത്യൻ ജഡീഷ്യറിയുടെ തന്നെ അടിസ്ഥാന പ്രമാണത്തെയാണ് മന്ത്രിസഭയും എക്സിക്യൂട്ടീവും അട്ടിമറിക്കുന്നത്.

സർക്കാരിനും സി.പി.എമ്മിനും ഭയം

ലോകായുക്ത സർക്കാരിനെ മറിച്ചിടാനുള്ള തീരുമാനം എടുക്കുമെന്നാണ് ഓർഡിനൻസിനെ ന്യായീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. 22 വർഷത്തിനിടെ സർക്കാരിനെ മറിച്ചിടാനുള്ള എന്ത് തീരുമാനമാണ് ലോകായുക്ത എടുത്തിട്ടുള്ളതെന്ന് സി.പി.എം വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളിൽ ലോകായുക്തയിൽ നിന്നും ശക്തമായ വിധി ഉണ്ടാകുമോയെന്ന് സർക്കാരും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്. അതുതന്നെയാണ് കോടിയേരി പറയാതെ പറയുന്നതും.അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്ന് കേസും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ കേസും ഉൾപ്പെടെ നാലു കേസുകൾ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. പ്രതികൂല വിധി വന്നാൽ ജലീൽ രാജിവച്ച കീഴ് വഴക്കം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പാലിക്കേണ്ടി വരും.

ഓർഡിനൻസിനുള്ള അടിയന്തിര സാഹചര്യമെന്ത്?

ഭരണഘടനയുടെ അനുച്ഛേദം 213 ആണ് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്. അതനുസരിച്ച് നിയമസഭ സമ്മേളിക്കാത്ത അടിയന്തിര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടത്. ഫെബ്രുവരിയിൽ നിയമസഭ സമ്മേളിക്കുമെന്ന് സർക്കാർ തന്നെ പറയുമ്പോൾ എന്ത് അടിയന്തിര സാഹചര്യമാണുള്ളത്? മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് ഇപ്പോഴത്തെ അടിയന്തിര സാഹചര്യം.

സി.പി.എം കേന്ദ്ര നേതൃത്വത്തിനും കേരള ഘടകത്തിനും രണ്ട് നയം

ലോകായുക്തയെ ശക്തമാക്കണമെന്നതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ലോകായുക്ത നിർദ്ദേശം സർക്കാരുകൾ സ്വീകരിക്കണമെന്നും അധികാര പരിധി വിപുലപ്പെടുത്തണമെന്നും പാർലമെന്റിൽ നിരവധി തവണ വാദിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായാണ് കേരളത്തിലെ സി.പി.എം പ്രവർത്തിക്കുന്നത്. 2019-ൽ ചിന്ത വാരികയിലെ ലേഖനത്തിൽ പാർട്ടി കേന്ദ്ര നിലപാടിനൊപ്പമായിരുന്നു പിണറായി വിജയനും കേരള ഘടകവും. എന്നാൽ തനിക്കെതിരായി കേസ് പരിഗണിക്കപ്പെടുമെന്നായപ്പോൾ പല്ലും നഖവും കൊഴിച്ച്, മുഖ്യമന്ത്രിക്ക് ശുപാർശകൾ മാത്രം നൽകുന്ന വെറുമൊരു സർക്കാർ സ്ഥാപനമാക്കി ലോകായുക്തയെ പിണറായി സർക്കാർ മാറ്റുകയാണ്. ഇപ്പോൾ ഓർഡിനൻസായി കൊണ്ടു വരുന്ന ഈ ഭേദഗതി 1999 -ലെ ഒർജിനൽ ബില്ലിലും ഉണ്ടായിരുന്നു. ഭരണ പ്രതിപക്ഷാംഗങ്ങളിൽ നിന്നും കടുത്ത എതിർപ്പുണ്ടായതോടെ നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായർ അത് പിൻവലിച്ചു. നിയമസഭ ഒരിക്കൽ വേണ്ടെന്നു വച്ച കാര്യം പിൻവാതിലൂടെ ഓർഡിനൻസാക്കി കൊണ്ടു വരികയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായ ഇ.കെ നായനാരെയും പരിണിതപ്രജ്ഞനായ ഇ ചന്ദ്രശേഖരൻ നായരെയും അപമാനിക്കുകയാണ് പിണറായി സർക്കാർ.

നിയമവിരുദ്ധതയെ നിയമപരമായി നേരിടും

കേന്ദ്ര സർക്കാർ അഴിമതി നിരോധന നിയമത്തെ ദുർബലപ്പെടുത്തിയതു പോലെ കേരളത്തിലും ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. അഴിമതി നിരോധന സംവിധാനങ്ങളെ സർക്കാരും സി.പി.എമ്മും ഭയപ്പെടുന്നു. മെഡിക്കൽ സർവീസസ് കോർപറേഷനിലേത് ഉൾപ്പെടെ ഇനിയും നിരവധി അഴിമതി കേസുകൾ ലോകായുക്തയ്ക്ക് മുന്നിലെത്തുമെന്നും സർക്കാരിന് ഭയമുണ്ട്. ഓർഡിനൻസ് ഇറക്കാൻ സർക്കാർ സാങ്കേതികമായും നിയമപരവുമായും പറഞ്ഞ ഒരു വാദങ്ങൾക്കും അടിസ്ഥാനമില്ല. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തെ പ്രതിപക്ഷം നിയമപരമായി ചോദ്യം ചെയ്യും.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.