News

Get the latest news here

ഹത്രാസ് യുവതിയുടെ കുടുംബത്തെ അനുഗമിക്കവേ കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി-ചന്ദ്രശേഖര്‍ ആസാദ്

ലഖ്നൗ: ഉത്തർ പ്രദേശ് പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്തുവെന്നും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ ഡൽഹിയിൽനിന്ന് ഹത്രാസിലേക്ക് ചന്ദ്രശേഖർ ആസാദ് അനുഗമിച്ചിരുന്നു. വഴിമധ്യേ തന്നെ ഉത്തർ പ്രദേശ് പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും സഹരാൻപുറിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആസാദ് ട്വീറ്റ് ചെയ്തു.

നമ്മുടെ സഹോദരിയെ എങ്ങിനെയാണ് കുടുംബാംഗങ്ങളുടെ സാന്നിധ്യമോ അവരുടെ സമ്മതമോ ഇല്ലാതെ, പോലീസിന്റെയും സർക്കാരിന്റെയും മൗനാനുവാദത്തോടെ രാത്രിയിൽ സംസ്കരിച്ചതെന്ന് ഈ ലോകം മുഴുവൻ കണ്ടതാണ്. ഇവരിലെ ധാർമികത മരിച്ചു കഴിഞ്ഞു. കഴിഞ്ഞ രാത്രിയിൽ അവരുടെ പോലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ എന്നെ സഹരാൻപുറിൽ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. എങ്കിലും നമ്മൾ പോരാടും- ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

സഹരാൻപുർ പോലീസ് നൽകിയ നോട്ടീസിന്റെ ചിത്രവും ആസാദ് പങ്കുവെച്ചിട്ടുണ്ട്. ഫത്തേപുർ പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന മനോജ് ചൗധരിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം വീട്ടുതടങ്കൽ അല്ലെന്നും ക്രമസമാധാന സാഹചര്യം മുൻനിർത്തി ആസാദിനോട് വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും മനോജ്ചൗധരി പ്രതികരിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാത്രി മുതൽ ചന്ദ്രശേഖർ ആസാദിനെയും ആസാദ് സമാജ് പാർട്ടി(മാർച്ചിൽ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച പാർട്ടി)യുടെ ഡൽഹി യൂണിറ്റ് അധ്യക്ഷൻ ഹിമാൻഷു വാൽമികിയെയും കാണാനില്ലെന്ന് പാർട്ടിവൃത്തങ്ങൾ പ്രതികരിച്ചിരുന്നു.

സഫ്ദർജങ് ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഡൽഹിയിൽനിന്ന് ഹത്രസിലേക്ക് അനുഗമിക്കുകയായിരുന്നു ഇരുവരുമെന്നും ആസാദ് സമാജ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട സഫ്ദർജങ് ആശുപത്രിക്കു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആസാദ് സമാജ് പാർട്ടി പ്രവർത്തകരും പങ്കു ചേർന്നിരുന്നു.

ജേവാർ ടോൾ പ്ലാസയിൽ എത്തിയതിനു ശേഷം ചന്ദ്രശേഖർ ആസാദിനെയും ഹിമാൻഷുവിനെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഇവർ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നും ആസാദ് സമാജ് പാർട്ടി കോർ കമ്മറ്റി മെമ്പർ രവീന്ദ്ര ഭട്ടി ബുധനാഴ്ച പറഞ്ഞിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആസാദ് സമാജ് പാർട്ടി പ്രവർത്തകരും ഭീം ആർമി പ്രവർത്തകരും അലിഗഢിലെ ടപ്പൽ പോലീസ് സ്റ്റേഷനിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

content highlights:they detained me and put under house arrest says bhim army chief chandrashekhar azad
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.