News

Get the latest news here

ബുറെവി കേരളത്തിലെത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെത്തുന്നത് വെള്ളിയാഴ്ച ഉച്ചയോടെയായിരിക്കും. വ്യാഴാഴ്ച രാവിലെ ശ്രീലങ്ക കടന്ന് മാന്നാർ കടലിടുക്കിലും കന്യാകുമാരിയിലുമായിരിക്കും ബുറെവി എത്തുക. അപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും (വേഗം 90 കിലോമീറ്റർവരെ), രാത്രി/നാളെ പുലർച്ചെ -പാമ്പനും കന്യാകുമാരിക്കും ഇടയിൽ തീരത്ത് കടക്കും (90 കിലോമീറ്റർവരെ), നാളെ ഉച്ചയോടെ -തിരുവനന്തപുരത്ത് (വേഗം 70 കിലോമീറ്റർവരെയായിരിക്കും കാറ്റിന്റെ വേഗം.).

നേരിടാൻ യുദ്ധസന്നാഹം

കേന്ദ്ര ദുരന്തപ്രതികരണസേനയുടെ എട്ടുസംഘങ്ങൾ കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂർ ജില്ലയിലെ സുലൂർ എയർഫോഴ്സ് ബേസിൽ തയ്യാറാണ്. നാവികസേനയും തയ്യാറെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

ചുഴലിക്കാറ്റ് ഇവിടെ അപൂർവം

കേരളത്തിൽ ചുഴലിക്കാറ്റ് വീശുന്നത് അപൂർവമാണ്. 2017-ൽ ഓഖി ചുഴലിക്കാറ്റ് വീശിയെങ്കിലും അത് കരയിലായിരുന്നില്ല. കടലിലൂടെ കേരളത്തിന് വളരെ അടുത്തായി കടന്നുപോയതിന്റെ പ്രത്യാഘാതങ്ങളാണ് കേരളം അനുഭവിച്ചത്. കഴിഞ്ഞവർഷം ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞശേഷം കേരളത്തിന്റെ ഒരു ഭാഗത്തുകൂടെ കടന്നുപോയി. ആലപ്പുഴ ജില്ലയിൽ ഗജ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി.

അതിതീവ്രമഴ: ഇന്ന് നാലുജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി

നാളെ ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

പ്രധാനമന്ത്രി വിളിച്ചു

ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി അടിയന്തരസാഹചര്യം വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിരീക്ഷണത്തിന് നിർദേശം നൽകി.

ശബരിമല തീർഥാടനത്തിന് നിയന്ത്രണം

ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി പത്തനംതിട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി കളക്ടർ നിയന്ത്രണം ഏർപ്പെടുത്തും.

Content Highlight: Burevi cyclone Kerala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.