News

Get the latest news here

പൊതുജലാശയങ്ങളിൽനിന്ന് പിടിക്കുന്ന കരിമീനിന് നീളം നിശ്ചയിച്ചു; കുറഞ്ഞത് 10 സെന്റിമീറ്റർ

ചാവക്കാട്: പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വായ് മുതൽ വാൽ വരെയുള്ള നീളമാണ് മാനദണ്ഡം. സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനാണ് കരിമീൻ.

ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.

കരിമീനിന്റെ കാര്യത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു.

മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികൾ നിലവിലുണ്ട്.

കേരളത്തിന്റെ ദേശീയ മത്സ്യമായ കരിമീന് വലിയ വിപണിസാധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുകയും അമിതചൂഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറും കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ മെമ്പർ സെക്രട്ടറിയുമായ എച്ച്. സലീം പറഞ്ഞു. മറ്റ് മീനുകളെ അപേക്ഷിച്ച് പ്രത്യുത്പാദനക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.