News

Get the latest news here

അരമനമുറ്റത്തെ തുളസിത്തറ

അരമനയുടെ മുറ്റത്തെ തുളസിത്തറയിൽ വലിയ മെത്രാപ്പോലീത്ത എല്ലാ വേനലിലും വെള്ളമൊഴിച്ചു. നിറമുള്ള നീളൻ കുപ്പായങ്ങളണിഞ്ഞു. വലിയ മുത്തുമാലകളിൽ തടിക്കുരിശ് ചേർത്തിട്ട് എളിമയ്ക്ക് സാക്ഷ്യം പറഞ്ഞു. മാതാ അമൃതാനന്ദമയി സ്നേഹത്തോടെ നൽകിയ രുദ്രാക്ഷമാല അമ്മയോടുള്ള വാത്സല്യത്തോടെ ഏറെ നാൾ നെഞ്ചേറ്റി. അമ്മ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽനിന്നുള്ള കായയാണിത്. ഇവിടെ വളരാൻ പ്രയാസമുള്ള മരത്തെ അമ്മ സ്നേഹത്താൽ വളർത്തി. മഠത്തിലെ അന്തേവാസികൾ കൊരുത്തെടുത്ത, ബാക്കിയായ പ്ലാസ്റ്റിക്ക് കട്ടകൾകൊണ്ടൊരുക്കിയ മുത്തുമാലയും അരമനയിൽ കാത്തുവെച്ചു. മാലിന്യം കൊണ്ടുള്ള മാലയെന്ന് പറയുന്നതിലും എനിക്കിഷ്ടം, മാലിന്യത്തിൽനിന്നു പോലും മാലകൾ ഉണ്ടാക്കാം എന്ന അമ്മയുടെ കാഴ്ചപ്പാടാണെന്ന് ഒപ്പമുള്ളവരെ ഓർമ്മപ്പെടുത്തി.

ഈ പ്രഭാതത്തിന്റെ വെളിച്ചത്തിലേക്ക് തന്നെ ഉണർത്തിയ ദൈവത്തിന് നന്ദി പറഞ്ഞുതുടങ്ങുന്നതായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ഒരു ദിവസം. പിന്നെ തന്റെ അരുമകൾക്കരികിലേക്ക്. മുയലുകൾ, പാണ്ടനാട്ട് നിന്ന് എത്തിയ ആടുകൾ, നാടൻ കോഴികൾ തുടങ്ങി തിരുമേനിയുടെ വളപ്പിലെ കൂട്ടുകാർ. ബൈബിൾ കഥകളിലെ ആട്ടിടയൻമാരെ പോലെ ഓരോ ആടുകളെയും സൂക്ഷ്മമായി നോക്കിയാണ് പോവുക. ദേഹത്തൊരു പോറലോ വയ്യായ്കയോ അവയ്ക്കുണ്ടെങ്കിൽ ആദ്യം കണ്ടെത്തുന്നതും മറ്റാരുമല്ല.മുയലുകൾ കാത്തിരിക്കുന്നത് തിരുമേനിയുടെ വരവിനാണ്. നല്ല പുത്തൻ കാരറ്റും പുല്ലും ഉടൻ കൂട്ടിലെത്തുമെന്ന് അവയ്ക്ക് ഉറപ്പാണ്. ഓമപ്പക്ഷികളെ ഊട്ടാൻ പുതിനയാണ് നല്ലതെന്ന് തിരുമേനി വായിച്ചറിഞ്ഞപ്പോൾ അതിനുള്ള ഒരുക്കമായി. അവയ്ക്കുള്ള ഒരുപിടി പുതിന കൈയിൽകരുതും. തുളസിത്തറയിൽ വെള്ളമൊഴിക്കുന്നത് കണ്ട് ആരെങ്കിലും പരിഹസിക്കുമോ എന്നായിരുന്ന ചില സഹായികളുടെ സംശയം. സംശയം ചോദിച്ചാൽ ഇവിടുത്തെ അപ്പച്ചന് കൊതുക് കടിക്കാതെ കിടന്നുറങ്ങാനെന്ന് മറുപടി പറഞ്ഞേക്കാൻ അദ്ദേഹം പറഞ്ഞേൽപ്പിച്ചു. നല്ലത് ഏത് മതക്കാർ ചെയ്താലും അത് ജീവിതത്തിൽ പകർത്തുന്നതിൽ തെറ്റെന്താണെന്ന് തിരുമേനി ചോദിച്ചു. തുളസി മാത്രമല്ല, തെച്ചിയും ചെമ്പകവും മന്ദാരവും മുതൽ ബുദ്ധമുള വരെ പമ്പാതീരത്ത് അരമനയുടെ മുറ്റത്ത് മുഖം കാട്ടിനിന്നു. അവിടെയുണ്ടെങ്കിൽ അപ്പച്ചന്റെ പരിചരണം കിട്ടാതെ പോവില്ല. നിഴൽ പോലെ ഒപ്പമുള്ള എബിയും മറ്റു അരമനവാസികളും തിരുമേനിയെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയ അപ്പച്ചനെന്ന നാലക്ഷരം പിന്നീട് വളരെ അടുപ്പമുള്ളവരുടെ സംബോധനയായി. നടക്കാൻ പരസഹായം വേണമെന്ന ഘട്ടത്തിൽ ചക്രക്കസേരയിലും അദ്ദേഹം വളപ്പിൽ എല്ലായിടത്തുമെത്തി. മണ്ണിൽ നടണമെന്ന് മനസ്സിൽ കുറിച്ചിട്ടവ ഓർക്കും. ആര് മറന്നാലും അത് തിരുമേനി മറക്കില്ല.

ആനക്കൊമ്പൻ വെണ്ടയും നേർത്ത വെള്ള വഴുതനയും അങ്ങനെയാണ് പുഴയോരത്ത് എത്തിയത്. മുള്ളുണ്ടെന്ന് പറഞ്ഞ് വഴുതനത്തണ്ടുകൾ കെട്ടിവെക്കുന്നത് വൈകിച്ചതിന് അൽപ്പം ക്ഷോഭിച്ചു. പത്ത് ചെടിവെക്കുന്നത് കൊണ്ടാ നാമൊക്കെ ശ്വാസംമുട്ടി മരിക്കാത്തതെന്ന് ഓർമ്മിപ്പിച്ചു. മനുഷ്യൻ മാത്രം മതിയെന്ന് വെച്ചിരുന്നെങ്കിൽ വിസർജ്ജിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് ആര് തീർക്കുമായിരുന്നുവെന്ന് ചോദ്യം. അവകാശികൾക്ക് വേണ്ടി എഴുതിവെച്ചിട്ടല്ല ചെടികളൊക്കെ കായ്ക്കുന്നത്. അരമനയിൽവന്ന ബാങ്ക് മാനേജർ തിരുമേനിയോട് ചോദിച്ചു. അവകാശികൾ ഇല്ലാതെ കോടികളാണ് പത്തനംതിട്ട ജില്ലയിൽ ബാങ്കിലുള്ളത്. ആയകാലത്ത് ആർക്കും കൊടുക്കാതെ സ്വരൂക്കൂട്ടിയ പണമാണ് മരിച്ചവരുടെ അക്കൗണ്ടിലുള്ളത്.

മക്കളുള്ള ചിലരും അവകാശിയെ വെക്കാഞ്ഞതിന് കാരണമുണ്ടെന്നായിരുന്നു ക്രിസോസ്റ്റത്തിന്റെ വീക്ഷണം. ഒരു അപ്പൂപ്പൻ പറഞ്ഞത്രേ. തനിക്ക് ആറാണ് മക്കൾ. ആരെ നോമിനി വെച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ എളുപ്പം പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്റെ അന്ത്യശുശ്രൂഷയ്ക്ക് കൂടി വന്നേക്കണമെന്ന് ബുക്ക് ചെയ്യും. ലോകം ഇങ്ങനെയാണെന്ന് തിരുമേനി മാനേജരെ ബോധ്യപ്പെടുത്തി.
അസാധ്യമായ ഹാസബോധവും ലോകവീക്ഷണവും കൊണ്ട് മാർക്രിസോസ്റ്റം തന്റെ സ്വർണനാവ് ചുഴറ്റി സദസ്സുകളെ ചിരിയിൽ വീഴ്ത്തി. പരിഹാസം ഏൽക്കാത്തവർ ചുരുക്കം. നവതി ആഘോഷത്തിന് വന്ന നേതാവിന് കിട്ടിയത് അത്തരമൊരെണ്ണമായിരുന്നു. തിരുമേനി നൂറുവർഷം ലോകത്തിനൊപ്പം ഉണ്ടാകട്ടെ എന്നായിരുന്നു ആശംസ. മറുപടി പ്രസംഗത്തിൽ നേതാവിന്റെ ആശംസ തന്നെ വേദനിപ്പിച്ചു എന്ന് തിരുമേനി വെളിപ്പെടുത്തി. എന്റെ പൊന്ന് സാറേ, എന്നെ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് തീരുമാനിച്ചാണോ അങ്ങ് യോഗത്തിന് വന്നത്. തിരുമേനി നൂറുവയസ് ജീവിക്കണം എന്നാണ് ആശംസ. ഇത് വലിയ കാര്യമായിപ്പോയി.

അപ്പൻ 110 വയസ് വരെ ജീവിച്ചതാ. അത്രയെങ്കിലും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. പൊള്ളിയെങ്കിലും നേതാവും മറ്റുള്ളവരും ചിരിച്ചു. ഇതായിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ ഭാഷ. അതിൽ ജീവിതത്തിന്റെ ഇഴകളും സൂക്ഷ്മമായനിരീക്ഷണവും ബാക്കിയായിരുന്നു. പമ്പയുടെ കവിളൊട്ടിയ പരപ്പിൽ പ്രതീക്ഷയുടെ പച്ചപ്പായിരുന്നു ആ ഭാഷ. 10 മിനിറ്റ് അവിടെയിരുന്നാൽ ഏത് സങ്കടവും ഒഴുകിയകലും. മേൽപ്പട്ടക്കാർ പലരുംവന്നിട്ടും തുളസിത്തറ അതിരിട്ട, തെച്ചിപ്പൂക്കൾ ചിരിക്കുന്ന ആ അരമനയിൽ തിരക്കൊഴിഞ്ഞിരുന്നില്ല. നല്ലനേരം നോക്കാതെ കാണാൻ കഴിയുന്ന വലിയ ഇടയൻ കീശയിൽ മിഠായികളുമായി നമ്മെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

Content Highlight: Philipose Mar Chrysostom Mar Thoma
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.